ശൈഖ് സുലൈമാൻ റുഹൈലി (ഹഫിള്വഹുള്ളാഹ്) പറയുന്നു:
പ്രാർത്ഥനയുടെ സമയത്ത് കൈ ഉയർത്തുന്നതിനു 3 അവസ്ഥകളാണുള്ളത്:
ഒന്നാമത്തേത്, നബിﷺ പ്രാർത്ഥിക്കുകയും കൈ ഉയർത്തുകയും ചെയ്ത സമയങ്ങൾ.
ഈ സമയങ്ങളിൽ കൈ ഉയർത്തൽ സുന്നത്തും ആരാധനയുമാണ്.
അതിന് ഉദാഹരണമാണ് സ്വഫയും മർവ്വയും കയറുന്ന സമയത്ത് പ്രാർത്ഥിക്കുമ്പോൾ കൈ ഉയർത്തുന്നതും ഒന്നാമത്തെ ജംറയിൽ കല്ലെറിഞ്ഞ ശേഷം കൈ ഉയർത്തി പ്രാർത്ഥിക്കുന്നതും.
ഇവിടെയൊക്കെ, പ്രാർത്ഥിക്കുമ്പോൾ കൈ ഉയർത്തൽ സുന്നത്തും ആരാധനയുമാണ്.
ഇനി രണ്ടാമത്തേത്, നബിﷺ പ്രാർത്ഥിക്കുകയും കൈകൾ ഉയർത്താതിരിക്കുകയും ചെയ്ത സന്ദർഭങ്ങളാണ്.
ഈ സമയത്ത് പ്രാർത്ഥിക്കുമ്പോൾ കൈ ഉയർത്തൽ ബിദ്അത്താണ്. (കാരണം, നബിﷺ ഉയർത്തിയിട്ടില്ല.)
അതിന് ഉദാഹരണമാണ് ഖുത്വുബയുടെ സമയത്ത് മഴക്ക് വേണ്ടിയല്ലാതെ കൈ ഉയർത്തി പ്രാർത്ഥിക്കൽ.
മഴക്ക് വേണ്ടിയല്ലാതെ, ഖുത്വുബകളിൽ നബിﷺ പ്രാർത്ഥിച്ചതായി സ്ഥിരപ്പെട്ടിട്ടില്ലെന്ന് ചിലർ പറയാറുണ്ട്. അത് ശരിയല്ല.
നബിﷺ ഖുത്വുബക്കിടയിൽ മഴക്ക് വേണ്ടിയല്ലാതെ തന്നെ പ്രാർത്ഥിച്ചിട്ടുണ്ടെന്നത് ഉറപ്പാണ്. ആ സമയത്ത് നബിﷺ ചൂണ്ടുവിരൽ ഉയർത്തിയിരുന്നു.
(മുസ്‌ലിം: 874)
എന്നാൽ ഖുത്വുബക്കിടയിൽ ഏത് സമയത്താണ് നബിﷺ പ്രാർത്ഥിച്ചതെന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല.
അതിനാൽ, ഖത്വീബിന് കഴിയുമെങ്കിൽ എപ്പോഴും ഒരേ സമയത്ത് പ്രാർത്ഥിക്കാതെ, ഇടക്ക് ഒന്നാമത്തെ ഖുത്വുബയിലും ഇടക്ക് രണ്ടാമത്തെ ഖുത്വുബയിലുമൊക്കെ പ്രാർത്ഥിക്കുന്നതാണ് ഏറ്റവും നല്ലത്.
രണ്ടാമത്തെ ഖുത്വുബയുടെ അവസാനത്തിൽ പ്രാർത്ഥിക്കൽ സുന്നത്താണെന്ന് ജനങ്ങൾ തെറ്റിധരിക്കാതിരിക്കാൻ അതാണ് നല്ലത്.
പ്രാർത്ഥിക്കുമ്പോൾ കൈ ഉയർത്താൻ പാടില്ലാത്തതിന് മറ്റൊരു ഉദാഹരണമാണ് ത്വവാഫിന്റെ സമയം.
കഅ്ബയെ ത്വവാഫ് ചെയ്യുന്ന സമയത്ത് പ്രാർത്ഥിക്കുമ്പോൾ കൈ ഉയർത്തൽ ബിദ്അത്താണ്. കാരണം, ആ സമയത്ത് നബിﷺ കൈ ഉയർത്തിയിട്ടില്ല.
മൂന്നാമത്തേത്; നബിﷺ പ്രാർത്ഥിച്ചുവെന്നോ കൈ ഉയർത്തിയെന്നോ സ്ഥിരപ്പെട്ടു വരാത്ത സമയങ്ങൾ.
ഇങ്ങനെയുള്ള സമയങ്ങളിൽ കൈ ഉയർത്തുന്നത് പ്രാർത്ഥനക്ക് ഉത്തരം കിട്ടാനുള്ള കാരണങ്ങളിലൊന്നാണ്.
എന്നാൽ, ഇടക്ക് ഒഴിവാക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ചിലപ്പോഴത് സുന്നത്താണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.
ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള സമയത്ത് പ്രാർത്ഥിക്കുമ്പോൾ കൈ ഉയർത്തുന്നത് ഈ വകുപ്പിലാണ് വരിക.
ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള സമയത്ത് നബിﷺ പ്രാർത്ഥിച്ചുവെന്നോ പ്രാർത്ഥിച്ചില്ല എന്നോ കൈ ഉയർത്തിയെന്നോ ഉയർത്തിയില്ല എന്നോ ഉദ്ധരിക്കപ്പെട്ടിട്ടില്ല.
എന്നാൽ, അത് പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സമയമാണെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്.
അപ്പോൾ, ആ സമയത്ത് കൈ ഉയർത്തി പ്രാർത്ഥിക്കൽ ഉത്തരം കിട്ടാനുള്ള കാരണമാണ്.
എന്നാൽ, കൈ ഉയർത്തൽ ഒരു പതിവാക്കാതെ ഇടക്കൊക്കെ ബാങ്കിനും ഇഖാമത്തിനുമിടയിൽ കൈ ഉയർത്താതെ പ്രാർത്ഥിക്കുന്നതാണ് നല്ലത്.
കാരണം, എപ്പോഴും കൈ ഉയർത്തിയാൽ, പ്രാർത്ഥിക്കുന്നവനോ അല്ലെങ്കിൽ മറ്റുള്ളവരോ അത് സുന്നത്താണെന്ന് കരുതും.
വിവർത്തകൻ:
നബിﷺ പറഞ്ഞു: “തീർച്ചയായും നിങ്ങളുടെ റബ്ബ് ലജ്ജയുള്ളവനും മാന്യനുമാണ്; തന്റെ അടിമ അവനിലേക്ക് ഇരുകരങ്ങളും ഉയർത്തിയാൽ, ഒന്നുമില്ലാതെ അവ മടക്കുന്നതിൽ അവൻ ലജ്ജിക്കുന്നു.”
(അബൂദാവൂദ്: 1488)
പ്രാർഥിക്കുമ്പോൾ കൈകൾ ഉയർത്തുന്നത് പ്രാർഥനയുടെ പൊതുമര്യാദയും ഉത്തരം കിട്ടാനുള്ള കാരണങ്ങളിൽ ഒന്നുമാണ്.
എന്നാൽ, നബിﷺ കൈയുയർത്താതെ പ്രാർഥിച്ച സന്ദർഭങ്ങളിൽ കൈയുയർത്തി പ്രാർഥിക്കുന്നത് ബിദ്അത്താണ്. അവിടെ കൈകൾ ഉയർത്താതിരിക്കലാണ് സുന്നത്ത്.
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)