നമസ്കാരത്തിലോ അല്ലാത്തപ്പോഴോ ഖുർആൻ ഓതുമ്പോഴും ദിക്റുകൾ ചൊല്ലുമ്പോഴും നാവ് ചലിപ്പിക്കൽ നിർബന്ധമാണോ? അതല്ല, മനസ്സിൽ ചൊല്ലിയാൽ മതിയോ?


ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:

ഒരാൾ ഖുർആൻ ഓതി, അല്ലെങ്കിൽ ദിക്റ് ചൊല്ലി എന്നൊക്കെ പറയണമെങ്കിൽ നാവ് ചലിക്കൽ നിർബന്ധമാണ്.

ചുണ്ടുകൾ ചലിക്കാതെയാണ് ഇവയൊക്കെ ചെയ്യുന്നതെങ്കിൽ അത് കേവലം ചിന്തയും ഉറ്റാലോചനയുമൊക്കെയാണ്.

അതിന് ദിക്റെന്നോ ഖുർആൻ പാരായണമെന്നോ പറയുകയില്ല.

ഖുർആൻ പാരായണം, ദിക്റ്, തൽബിയത്ത്, ദുആ എന്നിവക്കൊക്കെ നാവ് ചലിക്കൽ നിർബന്ധമാണ്.

അതില്ലാതെ ഇവയൊന്നും ശരിയാവില്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു നിയമമാണ്.

നമസ്കാരത്തിൽ നാവനക്കാതെ മനസ്സിൽ മാത്രം പാരായണം ചെയ്യുന്ന തെറ്റായ പ്രവണത ചിലർക്കൊക്കെ ഉണ്ട്.

നാവ് ചലിക്കാതെ മനസിൽ ഓതിയാൽ തന്നെ കൂലി കിട്ടുമെന്ന് വിശ്വസിക്കുന്ന ഒരുപാട് ആളുകളുമുണ്ട്.

കൂലി കിട്ടും എന്നത് ശരിയാണ്. പക്ഷേ അത് പാരായണത്തിനല്ല.

ഇമാമാവട്ടെ മഅ്മൂമാവട്ടെ, നാവ് ചലിക്കാതെയാണ് ഒരാൾ നമസ്കാരത്തിൽ ഓതുന്നതെങ്കിൽ അവന്റെ നമസ്കാരം ബാത്വിലാണെന്നതിൽ ഒരു സംശയവുമില്ല.

കാരണം, നമസ്കരിക്കുന്നവൻ തക്ബീർ ചൊല്ലുമ്പോഴും ഫാത്തിഹ ഓതുമ്പോഴുമൊക്കെ നാവ് ചലിക്കണം.

ചുണ്ടനങ്ങാതെ തക്ബീർ ചൊല്ലിയാലും ഫാത്തിഹ ഓതിയാലും അത് തക്ബീറായിട്ടോ ഫാത്തിഹയുടെ പാരായണമായിട്ടോ പരിഗണിക്കുകയില്ല.

ഇതൊക്കെ മനസിൽ ചൊല്ലുന്നവനെ മിണ്ടാതിരിക്കുന്നവനായിട്ടാണ് കണക്കാക്കുക.

ഫത്‌വകൾ കേൾക്കാൻ:

  1. Watch video
  2. Watch video

ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:

ഖുർആൻ ഓതുമ്പോഴും നിർബന്ധമായ ദിക്റുകൾ ചൊല്ലുമ്പോഴും തക്ബീറും തഹ്‌മീദും തശഹുദുമൊക്കെ ചൊല്ലുമ്പോഴും ചുണ്ടനക്കൽ അനിവാര്യമാണ്.

നബിﷺയുടെ താടി ചലിക്കുന്നത് കണ്ടിട്ടായിരുന്നു അദ്ദേഹം പാരായണം ചെയ്യുകയാണെന്ന് സ്വഹാബിമാർ മനസിലാക്കിയിരുന്നത്.

ഇനി, ചൊല്ലുന്ന കാര്യങ്ങൾ സ്വന്തത്തെ കേൾപ്പിക്കൽ നിർബന്ധമാണോ, അതല്ല അക്ഷരങ്ങൾ ഉച്ചരിച്ചാൽ മതിയോ എന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്.

സ്വന്തത്തിന് കേൾക്കാവുന്ന ശബ്ദത്തിൽ ചൊല്ലൽ അനിവാര്യമാണെന്ന് പറഞ്ഞവരുണ്ട്.

എന്നാൽ, അക്ഷരങ്ങൾ ഉച്ചരിച്ചാൽ മതി എന്നതാണ് ശരിയായ അഭിപ്രായം.

വിവർത്തകൻ:

നമസ്കാരത്തിലെ പാരായണവും ദിക്റുകളുമൊക്കെ അറിവില്ലായ്മ കൊണ്ട്, ചുണ്ടനക്കാതെയും നാവ് ചലിപ്പിക്കാതെയുമൊക്കെ നിർവഹിച്ച പലരുമുണ്ടാകാം.

ആ നമസ്കാരങ്ങൾ ഇനി മടക്കി നിർവഹിക്കേണ്ടതില്ല. എന്നാൽ, ഇനിയൊരിക്കലും ഈ തെറ്റ് നമ്മൾ ആവർത്തിച്ചുകൂടാ.

നമസ്കാരത്തിൽ അല്ലാത്തപ്പോഴും ചുണ്ടനക്കിയും, നാവ് ചലിപ്പിച്ചും തന്നെയാണ് ഖുർആൻ ഓതേണ്ടതും ദിക്റുകൾ ചൊല്ലേണ്ടതും. എന്നാലേ അത് ഖുർആൻ പാരായണമായും ദിക്റായുമൊക്കെ പരിഗണിക്കുകയുള്ളൂ.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025