ദുൽഹിജ്ജ മാസത്തിൽ നമസ്കാരങ്ങൾക്ക് ശേഷം തക്ബീറുകൾ ചൊല്ലേണ്ടത് എപ്പോൾ മുതൽ എപ്പോൾ വരെയാണ്?


ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:

എല്ലാ സമയവും അല്ലാഹുവിനെ ഓർക്കുവാൻ അവൻ നമ്മളോട് കൽപിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു:

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുക.കാലത്തും, വൈകുന്നേരവും അവന്റെ പരിശുദ്ധിയെ കീര്‍ത്തനം ചെയ്യുകയും ചെയ്യുവിന്‍.

(ഖുർആൻ- 33:41,42)

എന്നാൽ, ദുൽഹിജ്ജയിലെ ആദ്യപത്ത് ദിവസങ്ങൾ പ്രത്യേകമായി അവനെ ഓർക്കേണ്ട ദിവസങ്ങളാണ്.

അപ്പോൾ, ദുൽഹിജ്ജയിലേക്ക് പ്രവേശിച്ചത് മുതൽ അയ്യാമുത്തശ്‌രീക്വിന്റെ അവസാനദിവസം വരെയും സ്ത്രീകളും പുരുഷന്മാരും തക്ബീറുകളും തഹ്‌ലീലുകളും തഹ്‌മീദുകളും ചൊല്ലിക്കൊള്ളട്ടെ. അത് ഏത് സമയത്തുമാകാം.

അവർ "അല്ലാഹു അക്ബർ അല്ലാഹു അക്ബർ, ലാഇലാഹ ഇല്ലല്ലാഹ് അല്ലാഹു അക്ബർ, അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്" എന്നിങ്ങനെ ചൊല്ലട്ടെ.

നിരുപാധികമുള്ള തക്ബീറുകൾ ഒരാൾക്ക് ദുൽഹിജ്ജ ഒന്ന് മുതൽ പതിമൂന്നിന് സൂര്യൻ അസ്തമിക്കുന്നത് വരെ എപ്പോൾ വേണമെങ്കിലും ചൊല്ലാവുന്നതാണ്.

എന്നാൽ, അറഫാ ദിവസത്തിന്റെ ഫജ്ർ മുതൽ അയ്യാമുത്തശ്‌രീക്വിന്റെ അവസാനദിവസം വരെ, ഓരോ നിർബന്ധനമസ്കാരങ്ങൾക്ക് ശേഷവും തക്ബീറുകൾ ചൊല്ലലും സുന്നത്താണ്.

അതായത്, നമസ്കാരാനന്തരം 'ഇസ്‌തിഗ്ഫാറും' 'അല്ലാഹുമ്മ അൻതസ്സലാം വ മിൻകസ്സലാം' എന്നുമൊക്കെ ചൊല്ലിയതിനുശേഷം അവർ തക്ബീറുകൾ ചൊല്ലട്ടെ.

അയ്യാമുത്തശ്‌രീക്വിന്റെ അവസാനദിവസം അസ്ർ നമസ്കാരം വരെയാണ് നമസ്കാരശേഷമുള്ള തക്ബീറുകൾ ചൊല്ലേണ്ടത്.

ചുരുക്കത്തിൽ, നിരുപാധികമുള്ള തക്ബീറുകളും നമസ്കാരശേഷമുള്ള തക്ബീറുകളും ഒരുമിച്ചുകൂടുന്ന സമയമാണ് അറഫാദിനത്തിലെ ഫജ്ർ മുതൽ അയ്യാമുത്തശ്‌രീക്വിന്റെ അസ്ർ വരെയുള്ള സമയം.

വിവർത്തകൻ:

ദുൽഹിജ്ജ മാസത്തിലെ തക്ബീറുകൾ രണ്ട് തരമാണ്.

തക്ബീറുൽ മുത്വ്‌ലക്വ് (നിരുപാധികമുള്ള തക്ബീറുകൾ): ഇത് ദുൽഹിജ്ജ ഒന്ന് മുതൽ പതിമൂന്നിന് സൂര്യാസ്തമയം വരെ ഏത് സമയത്തും ചൊല്ലാവുന്നതാണ്.

തക്ബീറുൽ മുക്വയ്യദ് (സമയബന്ധിതമായ തക്ബീറുകൾ): അറഫാദിനത്തിലെ ഫജ്ർ മുതൽ ദുൽഹിജ്ജ 13 അസ്ർ വരെ, നമസ്കാരശേഷമാണ് ഇതിന്റെ സമയം.

പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ: Read



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025