ബാങ്ക് സംസാരിക്കുന്നവരെ മലക്കുകൾ ശപിക്കുമെന്ന് പറയുന്നത് ശരിയാണോ?


ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:

ബാങ്ക് കൊടുക്കുന്നതിനിടയിൽ സംസാരിക്കുന്ന ഒരാളെ മലക്കുകൾ ശപിക്കും എന്നതിന് നബിﷺയിൽ നിന്നുള്ള തെളിവൊന്നും എനിക്കറിയില്ല.

വെറുതെ ഒരഭിപ്രായം പറയേണ്ട കാര്യമല്ല ഇത്. മറിച്ച്, അദൃശ്യമായ കാര്യമാണ്. മലക്കുകൾ അദൃശ്യലോകത്തുള്ളവരാണ്.

അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ, ക്വുർആനിൽ നിന്നുള്ള ആയത്തോ നബിﷺയിൽ നിന്നുള്ള ഹദീഥോ വേണം.

അങ്ങനെയൊന്നും ഉള്ളതായി അറിയില്ല. ഇതിന് ഒരു അടിസ്ഥാനവുമില്ല.

എന്നാൽ, ബാങ്ക് കൊടുക്കുന്നത് കേട്ടാൽ അതിന് മറുപടി കൊടുക്കുക എന്നുള്ളത് സുന്നത്താണ്.

കാരണം

നബിﷺ പറഞ്ഞു: "ബാങ്ക് കൊടുക്കുന്നത് കേട്ടാൽ, മുഅദ്ദിൻ പറയുന്നതുപോലെ നിങ്ങളും പറയുക. അതിനുശേഷം നിങ്ങളെന്റെ മേൽ സ്വലാത്ത് ചൊല്ലുക.

ആരെങ്കിലും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അവന്റെ മേൽ അല്ലാഹു പത്ത് സ്വലാത്ത് ചൊല്ലും."
(മുസ്‌ലിം: 384)

ബാങ്കിന് ശേഷം

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلَاةِ الْقَائِمَةِ، آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ

"ഈ പരിപൂർണ്ണമായ (ബാങ്ക്) വിളിയുടെയും ഈ ആസന്നമായ നമസ്കാരത്തിന്റെയും റബ്ബായ അല്ലാഹുവേ! മുഹമ്മദ് നബിﷺക്ക് (അല്ലാഹു പരലോകത്ത് ഒരുക്കിയ) വസീല ,ഫദീല എന്നീ പദവികൾ നൽകേണമേ. നീ വാഗ്ദാനം ചെയ്ത പ്രശംസനീയമായ സ്ഥാനത്തേക്ക് അവിടുത്തെ നീ നിയോഗിക്കുകയും ചെയ്യേണമേ."

(ബുഖാരി: 614)

എന്ന് പ്രാർത്ഥിക്കാനും നബിﷺ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

ആരെങ്കിലും ഒരാൾ ഈ പ്രാർത്ഥന നിർവഹിച്ചാൽ അവന് നബിﷺയുടെ ശഫാഅത്ത് കിട്ടും. (ബുഖാരി: 614)

എന്നാൽ, ബാങ്ക് കൊടുക്കുന്നതിനിടയിൽ ഒരാൾ ദീനിന്റെയോ ദുനിയാവിന്റെയോ വിഷയം സംസാരിക്കുകയാണെങ്കിൽ അവനെ മലക്കുകൾ ശപിക്കും എന്ന് പറയാൻ പറ്റില്ല. അതിന് നമുക്ക് തെളിവൊന്നുമില്ല.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025