ശൈഖ് സുലൈമാൻ റുഹൈലി (ഹഫിള്വഹുല്ലാഹ്) പറയുന്നു:
വിവാഹക്കരാറിന്റെ സമയത്ത് ഫാത്തിഹ ഓതുക എന്നുള്ളത് പല മുസ്‌ലിംകളുടെയും ഒരു പതിവാണ്.
അത് ബറകത്തിന് വേണ്ടിയാണെന്ന് ചിലർ പറയുന്നു. മറ്റുചിലർ അത് സന്തോഷത്തിന് വേണ്ടിയാണെന്ന് പറയുന്നു.
വിവാഹക്കരാറിന്റെ സമയത്ത് ഫാത്തിഹ ഓതുന്നത് ആ ബന്ധം നിലനിൽക്കാനുള്ള കാരണമാണെന്ന് ചിലർ വിശ്വസിക്കുന്നു. ഇതിനൊന്നും ഒരടിസ്ഥാനവുമില്ല.
ഇങ്ങനെ ഒരു കാര്യം നബിﷺയിൽ നിന്നോ സ്വഹാബിമാരിൽ നിന്നോ താബിഉകളിൽ നിന്നോ പിൻപറ്റപ്പെടുന്ന ഇമാമുമാരിൽ നിന്നോ വന്നിട്ടില്ല.
എന്തിനേറെ, പിൽകാലക്കാരായ കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ പോലും ഞാൻ ഇത് കണ്ടിട്ടില്ല.
ഇത് ജനങ്ങൾ പുതുതായി ഉണ്ടാക്കിയതാണ്.
നന്മകളിൽ ഏറ്റവും താൽപര്യം കാണിക്കുന്നവൻ നബിﷺയാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്.
വിവാഹക്കരാറിന്റെ സമയത്ത് ഫാത്തിഹ ഓതുന്നത് നന്മയായിരുന്നെങ്കിൽ നബിﷺ അദ്ദേഹത്തിന്റെ വിവാഹസമയത്തോ, അല്ലെങ്കിൽ മക്കളെ വിവാഹം ചെയ്ത് കൊടുക്കുന്ന സമയത്തോ ഫാത്തിഹ ഓതുമായിരുന്നു. അങ്ങനെ ഉണ്ടായിട്ടില്ല.
സ്വഹാബിമാരും അങ്ങനെയൊന്നും ചെയ്തിട്ടില്ല.
നബിﷺയെക്കാളോ സ്വഹാബിമാരെക്കാളോ സച്ചരിതരായ മുൻഗാമികളെക്കാളോ, ഫാത്തിഹയുടെ ബറകത്തുകളെ കുറിച്ചും നന്മകളെ കുറിച്ചും അറിയുന്നവരല്ല നമ്മളാരും.
വിവാഹനിശ്ചയ സമയത്തോ, വിവാഹം നടക്കുന്ന സമയത്തോ ഒക്കെ ഫാത്തിഹ ഓതൽ ബിദ്അത്താണെന്ന് സൗദിഅറേബ്യയിലെ പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്.
'വിവാഹക്കരാറിന്റെ സമയത്ത് ഫാത്തിഹ ഓതുന്നത് പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ' എന്ന് ഇബ്നു ഉഥൈമീൻ(റഹി)യോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അത് പഠിപ്പിക്കപ്പെട്ട കാര്യമല്ല. മറിച്ച്, ബിദ്അത്താണ്.
സൂറത്തുൽ ഫാത്തിഹയാണെങ്കിലും നിശ്ചയിക്കപ്പെട്ട മറ്റേതെങ്കിലും സൂറത്തുകളാണെങ്കിലും, പഠിപ്പിക്കപ്പെട്ട സമയങ്ങളിൽ മാത്രമാണ് അവ പ്രത്യേകമായി പാരായണം ചെയ്യേണ്ടത്.
മതം പഠിപ്പിക്കാത്ത സമയങ്ങളിൽ അവ പ്രത്യേകമായി പാരായണം ചെയ്താൽ അത് ബിദ്അത്തായിട്ടാണ് കണക്കാക്കുക."
അദ്ദേഹം തുടരുന്നു: "എല്ലാ ചടങ്ങുകളിലും ഫാത്തിഹ ഓതുന്ന ധാരാളം ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. എത്രത്തോളമെന്ന് വെച്ചാൽ, "മയ്യിത്തിന് മേൽ നിങ്ങൾ ഫാത്തിഹ ഓതുക" എന്ന് പറയുന്ന ആളുകൾ വരെയുണ്ട് എന്ന് നമ്മൾ കേട്ടിട്ടുണ്ട്. ഇതൊക്കെ പുതുതായി ഉണ്ടാക്കിയ കാര്യങ്ങളാണ്.
ഫാത്തിഹയാകട്ടെ, അല്ലാത്ത സൂറത്തുകളാവട്ടെ, അവയൊക്കെ ഏതെങ്കിലും പ്രത്യേക സമയത്തോ സ്ഥലത്തോ വെച്ച് പ്രത്യേകമായി പാരായണം ചെയ്യണമെങ്കിൽ ഖുർആനിന്റെയോ സുന്നത്തിന്റെയോ പിൻബലമുണ്ടാകണം.
അതില്ലെങ്കിൽ, ആ പാരായണം ബിദ്അത്തായിത്തീരും. ആരാണോ അത് ചെയ്യുന്നത്, അവൻ എതിർക്കപ്പെടുകയും വേണം."
വിവർത്തകൻ:
നമ്മുടെ വീട്ടിലെയും കുടുംബത്തിലെയും ചടങ്ങുകളിൽ ബിദ്അത്തിന്റെ കറ പുരളാതിരിക്കട്ടെ...
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)