ശൈഖ് സഈദ് ബിൻ അലിയ്യ് ബിൻ വഹഫ് അൽ ക്വഹ്ത്വാനി (റഹിമഹുല്ലാഹ്) പറയുന്നു:
നബിﷺ പറഞ്ഞു:
"റമദ്വാൻ മാസം കഴിഞ്ഞാൽ പിന്നെ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് മുഹർറം മാസത്തിലെ നോമ്പാണ്. ഫർദ്വ് നമസ്കാരം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം രാത്രി നമസ്കാരവുമാണ്." (മുസ്‌ലിം: 1163)
മുഹർറം മുഴുവനോ, അല്ലെങ്കിൽ കഴിയുന്നത്രയോ നോമ്പ് ഈ മാസത്തിൽ എടുക്കാമെന്നാണ് ഈ ഹദീഥ് അറിയിക്കുന്നത്.
ഒരാൾ മുഹർറം മാസം മുഴുവനായും നോമ്പനുഷ്ഠിച്ചാൽ അത് വലിയ ശ്രേഷ്ഠതയുള്ള കാര്യമാണ്.
മുഹർറം മാസത്തിലെ ചില ദിവസങ്ങളിൽ മാത്രം നോമ്പെടുക്കുകയാണെങ്കിൽ അതിനും ശ്രേഷ്ഠതയുണ്ട്.
അതുപോലെത്തന്നെ, നബിﷺ പ്രോത്സാഹിപ്പിച്ച ഒരു സുന്നത്ത് നോമ്പാണ് മുഹർറം പത്തിലെ ആശൂറാഅ് നോമ്പ്. അവിടുന്ന് ആ നോമ്പനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. (അബൂദാവൂദ്: 2445)
മുഹർറം പത്തിലെ ആശൂറാഅ് നോമ്പ് അനുഷ്ടിക്കുന്നവർ അതിന്റെ ഒരു ദിവസം മുമ്പോ അല്ലെങ്കിൽ, അതിനുശേഷമുള്ള ദിവസമോ കൂടി നോമ്പനുഷ്ഠിക്കുന്നതാണ് ഏറ്റവും നല്ലത്.
നബിﷺയോട് സ്വഹാബിമാർ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! മുഹർറം പത്ത് - ആശൂറാഇന്റെ ദിവസം ജൂതന്മാരും ക്രിസ്ത്യാനികളും ആദരിക്കുന്ന ദിവസമാണ്."
അപ്പോൾ നബിﷺ പറഞ്ഞു:
"അടുത്ത വർഷം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ മുഹർറം ഒമ്പതിനും ഞാൻ നോമ്പനുഷ്ഠിക്കും." (അബൂദാവൂദ്: 2445)
ഇബ്നു അബ്ബാസ്(റ) പറയുന്നു: "നിങ്ങൾ ആശൂറാഅ് നോമ്പ് എടുക്കുമ്പോൾ അതിന്റെ മുമ്പുള്ള ഒരു ദിവസമോ അല്ലെങ്കിൽ, അതിന് ശേഷമുള്ള ഒരു ദിവസമോ കൂടി നോമ്പനുഷ്ഠിച്ച് കൊള്ളുക."
ആശൂറാഅ് നോമ്പ് കൊണ്ട് കഴിഞ്ഞ ഒരു വർഷത്തിലെ പാപങ്ങൾ പൊറുക്കപ്പെടും എന്ന് നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. (മുസ്‌ലിം: 1162)
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)