സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് റവാത്തിബ് നമസ്കാരത്തിൽ ഏതെങ്കിലും പ്രത്യേക സൂറത്തുകൾ പാരായണം ചെയ്യുന്നത് സുന്നത്താണോ?


ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

അതെ. സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരത്തിൽ, ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ കാഫിറൂനും രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഇഖ്ലാസും പാരായണം ചെയ്യൽ സുന്നത്താണ്. (മുസ്‌ലിം: 726)

സുന്നത്ത് നമസ്കാരം വീട്ടിൽ വെച്ച് നമസ്കരിക്കാനാണ് പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്. അതാണ് സുന്നത്ത്.

ഇനിയൊരാൾ പള്ളിയിൽ വെച്ച് നമസ്കരിച്ചാലും പ്രശ്നമൊന്നുമില്ല.

സുബ്ഹിക്ക് മുമ്പുള്ള സുന്നത്തിൽ, ഒന്നാമത്തെ റക്അത്തിൽ ഫാത്തിഹക്ക് ശേഷം (താഴെ നൽകിയ) സൂറത്തുൽ ബക്വറയിലെ 136-ആമത്തെ ആയത്തും

قُولُوٓا۟ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ إِلَىٰٓ إِبْرَٰهِۦمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَمَآ أُوتِىَ ٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ

രണ്ടാമത്തെ റക്അത്തിൽ (താഴെയുള്ള) സൂറത്തു ആലു ഇംറാനിലെ 64-ആമത്തെ ആയത്തും ഓതാവുന്നതാണ്. അതും സുന്നത്താണ്. (മുസ്‌ലിം: 727)

قُلْ يَٰٓأَهْلَ ٱلْكِتَٰبِ تَعَالَوْا۟ إِلَىٰ كَلِمَةٍ سَوَآءٍۭ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا ٱللَّهَ وَلَا نُشْرِكَ بِهِۦ شَيْـًٔا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ ٱللَّهِ ۚ فَإِن تَوَلَّوْا۟ فَقُولُوا۟ ٱشْهَدُوا۟ بِأَنَّا مُسْلِمُونَ

ഈ രണ്ട് ആയത്തുകളോ അല്ലെങ്കിൽ നേരത്തെ പറഞ്ഞ രണ്ട് സൂറത്തുകളോ ആണ് നബിﷺ ഓതിയിരുന്നത്.

ഒരാൾക്ക് ഇവയല്ലാത്തതും പ്രസ്തുത നമസ്കാരത്തിൽ ഓതാവുന്നതാണ്.

എന്നാൽ, നബിﷺയെ പിൻപറ്റിക്കൊണ്ട് ഈ രണ്ട് ആയത്തുകളോ അല്ലെങ്കിൽ ഈ രണ്ടു സൂറത്തുകളോ പാരായണം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025