മനപാഠമാക്കാൻ വേണ്ടി പാരായണത്തിന്റെ സുജൂദുള്ള ആയത്തുകളോ സൂറത്തുകളോ ആവർത്തിച്ച് ഓതിക്കൊണ്ടിരിക്കുന്ന ഒരാൾ, ഓരോ തവണ ഓതുമ്പോഴും സുജൂദ് ചെയ്യേണ്ടതുണ്ടോ?


ശൈഖ് അബ്ദുല്ലാഹിബ്നു അബ്ദുറഹ്‌മാൻ അൽ ജിബ്‌രീൻ (റഹിമഹുല്ലാഹ്) പറയുന്നു:

ഓരോ തവണ ഓതുമ്പോഴും അയാൾക്ക് സുജൂദുണ്ട്.

ആ സുജൂദ് സ്വതന്ത്രമായ ഒരു ആരാധനയും പുണ്യകർമ്മവുമാണ്.

നമസ്കാരത്തിലെ ഏറ്റവും ശ്രേഷ്ഠമായ കർമ്മങ്ങളിൽ ഒന്നാണ് സുജൂദ്.

അപ്പോൾ പാരായണത്തിന്റെ സുജൂദ്, നന്ദിയുടെ സുജൂദ് പോലെയുള്ള സ്വതന്ത്രമായ സുജൂദുകൾ കൊണ്ട് ഒരാൾക്ക് അല്ലാഹുവിലേക്ക് അടുക്കാവുന്നതാണ്.

എന്നാൽ ആ സുജൂദുകൾ സുന്നത്താണ്; അത് ഒരിക്കലും നിർബന്ധമല്ല.

പാരായണത്തിന്റെ സുജൂദുള്ള ഭാഗം ആവർത്തിച്ചാവർത്തിച്ച് ഓതുന്നവന് ഓരോ തവണയും സുജൂദ് ചെയ്യുന്നത് പ്രയാസമാണെങ്കിൽ അവൻ ഒരിക്കൽ ചെയ്താൽ തന്നെ മതിയാകുന്നതാണ്.

ഇനിയൊരാൾ ആ ആയത്ത് ആദ്യമായി ഓതുമ്പോഴും അവസാനമായി ഓതുമ്പോഴും മാത്രം സുജൂദ് ചെയ്യുകയാണെങ്കിൽ അങ്ങനെയുമാകാം. അതിന് ഒരു നിശ്ചിത പരിധിയൊന്നുമില്ല.

വിവർത്തകൻ:

പാരായണത്തിന്റെ സുജൂദ് പ്രബലമായ സുന്നത്താണ്; നിർബന്ധമല്ല.

ഒരു വെള്ളിയാഴ്ച ദിവസം ഉമർ ബിൻ ഖ്വത്വാബ്(റ) പാരായണത്തിന്റെ സുജൂദുള്ള ഒരായത്ത് പാരായണം ചെയ്യുകയും മിമ്പറിൽ നിന്നിറങ്ങി സുജൂദ് ചെയ്യുകയും ചെയ്തു.

അടുത്ത വെള്ളിയാഴ്ച അദ്ദേഹം അതേ ആയത്ത് ഓതുകയും സുജൂദ് ചെയ്യാതിരിക്കുകയും ചെയ്തു. ശേഷം, പാരായണത്തിന്റെ സുജൂദ് സുന്നത്താണെന്നും അത് നിർബന്ധമല്ലെന്നും ജനങ്ങളെ പഠിപ്പിച്ചു. (ബുഖാരി: 1077)

പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025