അല്ലാഹുവല്ലാതെ ഒരു സ്രഷ്ടാവുമില്ല എന്നാണോ 'ലാഇലാഹ ഇല്ലല്ലാഹ്'യുടെ അർത്ഥം?


ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:

അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്നതാണ് 'ലാഇലാഹ ഇല്ലല്ലാഹ്'യുടെ അർത്ഥം.

ചില ആളുകൾ ധരിച്ചുവെച്ചിരിക്കുന്നത് പോലെ, അല്ലാഹുവല്ലാതെ ഒരു സ്രഷ്ടാവുമില്ല എന്നോ അല്ലാഹുവല്ലാതെ ഒരു റാസിക്വും (ഉപജീവനം നൽകുന്നവൻ) ഇല്ല എന്നോ അല്ല 'ലാഇലാഹ ഇല്ലല്ലാഹ്'യുടെ അർത്ഥം.

അതൊക്കെ എല്ലാ മനുഷ്യരുടെയും മനസ്സ് അംഗീകരിക്കുന്ന കാര്യമാണ്.

ക്വുറൈശികളിൽ പെട്ട മുശ്‌രിക്കുകൾ പോലും അത് നിഷേധിച്ചിട്ടില്ല. (യൂനുസ്: 31)

നിങ്ങളെ സൃഷ്ടിച്ചത് ആരാണെന്ന് അവരോട് ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ മറുപടി പറയും. (സുഖ്റുഫ്: 87)

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരാണെന്ന് ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ പറയും."
(സുമർ:38)

എന്നാൽ ഇവിടെയുള്ള ഏറ്റവും വലിയ പ്രശ്നം, അല്ലാഹുവിന് മാത്രമല്ല അവർ ആരാധനകൾ നൽകിയത് എന്നതാണ്.

അതുകൊണ്ടാണ്, 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ആദർശവുമായി നബിﷺ വന്നപ്പോൾ അവർ അതിനെ നിഷേധിച്ചത്.

കാരണം, അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്നാണ് 'ലാഇലാഹ ഇല്ലല്ലാഹ്'യുടെ അർത്ഥം എന്ന് അവർ മനസ്സിലാക്കിയിരുന്നു.

അതുകൊണ്ടാണ് "എല്ലാ ആരാധ്യന്മാരെയും നീ ഒറ്റ ആരാധ്യനാക്കുകയാണോ" എന്ന് അവർ ചോദിച്ചത്. (സ്വാദ്: 5)

'ഞങ്ങളുടെ അടുക്കൽ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഒരുപാട് ആരാധ്യന്മാരുണ്ട്' എന്നാണ് അവർ പറഞ്ഞത്. (സുമർ: 3)

ചുരുക്കത്തിൽ, 'ലാഇലാഹ ഇല്ലല്ലാഹ്'യുടെ അർത്ഥം അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്നാണ്.

അല്ലാഹുവല്ലാത്ത എല്ലാവരും സൃഷ്ടികളാണ്, നിയന്ത്രിക്കപ്പെടുന്നവരാണ്, അവന്റെ അടിമകളാണ്.

വിവർത്തകൻ:

മക്കയിലെ മുശ്‌രിക്കുകൾക്ക് അല്ലാഹുവിലുണ്ടായിരുന്ന വിശ്വാസത്തെ പറ്റി അറിയാൻ സൂറത്തുൽ മുഅ്മിനൂനിലെ 83 മുതൽ 89 വരെയുള്ള ആയത്തുകൾ കൂടി ഒന്ന് പാരായണം ചെയ്ത് നോക്കുക.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025