ഉറക്കെ ഓതേണ്ട നമസ്കാരങ്ങളിൽ ഒറ്റക്ക് നമസ്കരിക്കുന്നവൻ ഉറക്കെയാണോ പതുക്കെയാണോ ഓതേണ്ടത്?


ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

ഒറ്റയ്ക്ക് നമസ്കരിക്കുന്നവനും ഇമാം നിൽക്കുന്നവനും ഫജ്ർ, മഗ്‌രിബ്, ഇശാഅ് തുടങ്ങി ഉറക്കെ ഓതേണ്ട നമസ്കാരങ്ങളിൽ ഉറക്കെ ഓതലാണ് സുന്നത്ത്.

എന്നാൽ, ഉറക്കെ ഓതേണ്ട നമസ്കാരങ്ങളിൽ പതുക്കെ ഓതിയാലും പ്രശ്നമില്ല.

പക്ഷേ, അവൻ അവിടെ ഒരു സുന്നത്ത് നഷ്ടപ്പെടുത്തിയിരിക്കുന്നു.

ഇനി, ഒറ്റയ്ക്ക് നമസ്കരിക്കുന്ന ഒരാൾക്ക് പതുക്കെ ഓതുമ്പോഴാണ് കൂടുതൽ ഭക്തി ലഭിക്കുന്നത് എങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്. അതിന് പ്രശ്നമൊന്നുമില്ല.

കാരണം, രാത്രി നമസ്കാരങ്ങളിൽ നബിﷺ ചിലപ്പോൾ പതുക്കെയും ചിലപ്പോൾ ഉറക്കെയുമാണ് പാരായണം ചെയ്തിരുന്നതെന്ന് ആയിഷ (റ) പറഞ്ഞിട്ടുണ്ട്. (തിർമിദി: 449)

എന്നാൽ ഇമാം നിൽക്കുന്നവൻ എപ്പോഴും നബിﷺയുടെ മാതൃക പിൻപറ്റി ഉറക്കെ ഓതുകയാണ് ചെയ്യേണ്ടത്. അതാണ് സുന്നത്ത്.

ഫർദ് നമസ്കാരമായാലും സുന്നത്ത് നമസ്കാരമായാലും, ഇമാം ഉറക്കെ പാരായണം ചെയ്യുമ്പോൾ, തന്റെ പിറകിലുള്ളവരെ അല്ലാഹുവിന്റെ കലാം കേൾപ്പിക്കുന്നു എന്ന പ്രയോജനം കൂടി അതിലുണ്ട്.

പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here

വിവർത്തകൻ:

ജമാഅത്ത് നമസ്കാരങ്ങളിൽ മാത്രമല്ല ഉറക്കെ ഓതേണ്ടത്. ഉറക്കെ ഓതേണ്ട നമസ്കാരങ്ങൾ ഒറ്റക്ക് നിർവഹിക്കുന്നവനും ഉറക്കെ തന്നെയാണ് ഓതേണ്ടത്. അതാണ് സുന്നത്ത്.



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025