സഊദി അറേബ്യയുടെ ഉന്നത പണ്ഡിത സഭയിലെ അംഗമായിരുന്ന ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:
നമസ്കാരശേഷം തക്ബീറും തസ്ബീഹും തഹ്‌മീദുമൊക്കെ ചൊല്ലുന്നതിന് വ്യത്യസ്തമായ രൂപങ്ങളുണ്ട്.
ഒന്ന്: സുബ്ഹാനല്ലാഹ് 33 തവണ, അൽഹംദുലില്ലാഹ് 33 തവണ, അല്ലാഹു അക്ബർ 33 തവണ. അങ്ങനെ, മൊത്തം 99 തവണ.
ശേഷം,
لا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
എന്ന ദിക്ർ കൂടി ചൊല്ലി നൂറ് തികക്കുക. (മുസ്‌ലിം: 597)
രണ്ട്: സുബ്ഹാനല്ലാഹ് 33 തവണ, അൽഹംദുലില്ലാഹ് 33 തവണ, അല്ലാഹു അക്ബർ 34 തവണ. അങ്ങനെ, ആകെ 100 തവണ. (മുസ്‌ലിം: 596)
മൂന്ന്: സുബ്ഹാനല്ലാഹ് 10 തവണ, അൽഹംദുലില്ലാഹ് 10 തവണ, അല്ലാഹു അക്ബർ 10 തവണ. അങ്ങനെ മൊത്തം 30 തവണ. (അബൂദാവൂദ്: 5065)
നാല്: സുബ്ഹാനല്ലാഹ് 25 തവണ, അൽഹംദുലില്ലാഹ് 25 തവണ, അല്ലാഹു അക്ബർ 25 തവണ, ലാഇലാഹ ഇല്ലല്ലാഹ് 25 തവണ. അങ്ങനെ, ആകെ 100 തവണ. (നസാഈ: 1350)
ഈ രൂപങ്ങളൊക്കെ നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.
ഇതിൽ ഏതെങ്കിലുമൊരു രൂപം നിർവഹിച്ചവൻ, നമസ്കാരശേഷമുള്ള ദിക്റുകൾ ചൊല്ലിയവനാണ്.
ഓരോ രീതിയും മാറി മാറി സ്വീകരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം.
പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ: https://binothaimeen.net/content/11841
വിവർത്തകൻ: എപ്പോഴും ഒരേ രീതി തന്നെ പതിവാക്കാതെ, നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ട വ്യത്യസ്തങ്ങളായ രൂപങ്ങൾ ശീലിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ:
നബിﷺയുടെ സുന്നത്തിൽ വന്ന വ്യത്യസ്തങ്ങളായ രൂപങ്ങളെ ജീവിപ്പിക്കലാണത്.
ഇടയ്ക്കിടെ വ്യത്യസ്തമായ രൂപങ്ങൾ സ്വീകരിക്കുമ്പോൾ, കൂടുതൽ മനസ്സാന്നിധ്യത്തോട് കൂടി അദ്കാറുകൾ ചൊല്ലാൻ കഴിയുന്നു.
തിരക്കുള്ള സമയങ്ങളിൽ അനുയോജ്യമായ രീതി സ്വീകരിക്കാം.
ചില രൂപങ്ങളിൽ ഇല്ലാത്ത ദിക്റുകൾ മറ്റു ചില രൂപങ്ങളിൽ വന്നിട്ടുണ്ട്. അതിനാൽ വ്യത്യസ്തങ്ങളായ ദിക്റുകൾ കൊണ്ട് അല്ലാഹുവിനെ പുകഴ്ത്താം.
(ഈ നേട്ടങ്ങളും ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്)യുടെ തന്നെ മറ്റു ഫത്‌വകളിൽ നിന്ന് ക്രോഡീകരിച്ചതാണ്.)
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)