സ്ത്രീകളുടെ മീശ, കണങ്കാലിലെയും കൈതണ്ടയിലെയും രോമം, പുരികങ്ങൾക്കിടയിലുള്ള രോമം എന്നിവ നീക്കം ചെയ്യാൻ പറ്റുമോ ?


ശൈഖ് അസീസ് ഫർഹാൻ അനസി(ഹഫിളഹുള്ളാഹ്) പറയുന്നു:

രണ്ട് തരം രോമങ്ങളാണ് ശരീരത്തിലുള്ളത്.

ഒന്ന് : ഗുഹ്യരോമം, കക്ഷരോമം എന്നിവയെ പോലെ, നീക്കം ചെയ്യൽ സുന്നത്തായ രോമങ്ങൾ.

ആ രോമങ്ങൾ നീക്കം ചെയ്യൽ അല്ലാഹു സംവിധാനിച്ച പ്രകൃതിയിൽപ്പെട്ട കാര്യവുമാണ്.

നബിﷺ പറഞ്ഞു:
"10 കാര്യങ്ങൾ അല്ലാഹു സംവിധാനിച്ച പ്രകൃതിയിൽ പെട്ടതാണ്."
(മുസ്‌ലിം : 261)

ഗുഹ്യരോമം വടിക്കലും കക്ഷരോമം പറിക്കലുമെല്ലാം നബിﷺ അതിലെണ്ണിയിട്ടുണ്ട്.

അവയൊക്കെ നീണ്ട് വളരുന്നത് വിലക്കപ്പെട്ടതും നബിﷺയോട് എതിരാകലുമാണ്.

അതുപോലെ തന്നെ, മനുഷ്യരെ അല്ലാഹു സൃഷ്ടിച്ച പ്രകൃതിയോട് എതിരാകലുമാണത്.

ആ കാര്യങ്ങളൊന്നും 40 ദിവസത്തിൽ കൂടുതൽ നീണ്ട് പോകരുത്. 40 ദിവസമാണ് അവ നീക്കം ചെയ്യാൻ നബിﷺ നിശ്ചയിച്ച അവസാന പരിധി. (മുസ്‌ലിം : 258)

ഈ കാര്യങ്ങളുടെ വളർച്ച ഒരോരുത്തർക്കുമനുസരിച്ച് വ്യത്യാസപ്പെടും.

ഉദാഹരണത്തിന്, ചിലരുടെ നഖം അഞ്ച് ദിവസം കൊണ്ട് വളരും.

മറ്റു ചിലർക്കത് ഏഴ് ദിവസമായിരിക്കും.

ഒരുമാസമായിട്ടും, വളരാത്തത് കൊണ്ട് നഖം മുറിക്കാത്തവരുമുണ്ട്.

അതുപോലെ തന്നെയാണ് ശരീരത്തിലെ രോമങ്ങളും. പ്രത്യേകിച്ചും സ്വകാര്യ ഭാഗങ്ങളിലേത്.

ചിലരുടേത് പെട്ടെന്ന് വളരും ചിലരുടേത് അങ്ങനെയല്ല.

എന്തായാലും, വളർന്ന് കഴിഞ്ഞാൽ അവ നീക്കം ചെയ്യുകയാണ് വേണ്ടത്.

ഇനി, രണ്ടാമത്തെ തരം: കണങ്കാലിലും കൈതണ്ടയിലുമൊക്കെ വളരുന്ന രോമങ്ങളാണ്. അവ നീക്കം ചെയ്യാവുന്നതാണ്.

ചില സ്ത്രീകൾക്ക് മീശയും താടിയുമൊക്കെ വളരാറുണ്ട്. അവ നീക്കം ചെയ്യുന്നതിനും വിരോധമൊന്നുമില്ല.

ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, പുരികം തൊടാൻ പാടില്ലെന്നതാണ്.

പുരികങ്ങൾക്കിടയിൽ വളർന്ന രോമം കളയുന്നതിൽ തെറ്റില്ല. അത് പുരികത്തിൽ പെട്ടതല്ല.

പുരികം പറിക്കുന്നവരെയും പറിക്കാനാവശ്യപ്പെടുന്നവരെയും നബിﷺ ശപിച്ചിട്ടുണ്ട്. (അബൂദാവൂദ്: 4170)

വിവർത്തകൻ:

അസാധാരണയായി സ്ത്രീകളുടെ മുഖത്ത് വളരുന്ന രോമങ്ങൾ കളയുന്നതിന് വിലക്കില്ല.

എന്നാൽ, പുരികം പറിക്കൽ ഹറാമും വൻപാപവുമാണ്.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025